ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തിരുവിതാംകൂറിലെ ആഭ്യന്തര കലഹത്തെ തുടർന്നു പലായനം ചെയ്ത മാർത്താണ്ഡവർമ്മയ്ക്ക് ജീവൻ നിലനിറുത്താനായത് പൂവ്വാറിലെ കല്ലറയ്ക്കൽ തറവാട് അഭയം നൽകിയതു കൊണ്ടാണ്. വാണിജ്യ-വ്യാപാര രംഗങ്ങളിൽ 18-ാം നൂറ്റാണ്ടിൽ ലോകമാർക്കറ്റുകളിൽപോലും ബന്ധങ്ങളുണ്ടായിരുന്ന പോക്കുമൂസാ മുതലാളിയുടേതായിരുന്നു, പൂവ്വാറിലെ കല്ലറയ്ക്കൽ തറവാട്. പിൽക്കാലത്ത് സ്വാതന്ത്ര്യ ലബ്ധിവരെ തിരുവിതാംകൂർ രാജകുടുംബവും പൂവ്വാർ കല്ലറയ്ക്കൽ തറവാടും തമ്മിൽ ഇഴപിരിയാത്ത ബന്ധമുണ്ടായിരുന്നു. രാജാവായതിനുശേഷം കായംകുളം യുദ്ധവും, കുളച്ചൽയുദ്ധവും മാർത്താണ്ഡവർമ്മ മഹാരാജാവു ജയിച്ചതിൽ കപ്പൽപടയും യോദ്ധാക്കളും സ്വന്തമായുണ്ടായിരുന്ന പോക്കുമൂസാ മുതലാളിയുടെ വലിയ സഹായമുണ്ടായിരുന്നു. പാരിതോഷികമായി കായംകുളം കമ്പോളവും, പട്ടണംദേശത്ത് കല്ലറയ്ക്കൽവിളാകം എന്ന പുരയിടവും പോക്കുമൂസാമുതലാളിക്ക് കരമൊഴിവാക്കി കൊട്ടാരത്തിൽ നിന്നും നല്കിയിരുന്നു. രാജാകേശവദാസ് കുടുംബ വഴക്കിനെത്തുടർന്ന് അലഞ്ഞു നടന്ന് വന്നെത്തിയത് പൂവ്വാർ പോക്കുമൂസാ മുതലാളിയുടെ അടുത്താണ്. മുതലാളിക്ക് വേണ്ടപ്പെട്ടവരിലൊരാളായിമാറി, ദരിദ്ര ബാലനായ കേശവൻ. ഒരിക്കൽ വ്യാപാരാവശ്യത്തിനായി കൊട്ടാരത്തിലേക്കു വന്ന പോക്കുമൂസാമുതലാളി തന്റെ സംഘത്തിന്റെയൊപ്പം ബാലനായ കേശവനേയും കൂട്ടി. വളരെ വൈകി അദ്ദേഹം തിരിച്ചിറങ്ങിയപ്പോൾ കേശവനെ ഒപ്പം കൂട്ടുന്ന കാര്യം മറന്നു പോയി. ഇതിനിടയിൽ കൊട്ടാരത്തിൽ വഴി തെറ്റി അലഞ്ഞ കേശവൻ ഒരു മൂലയിൽ കിടന്നുറങ്ങിപ്പോയി. അടുത്ത പ്രഭാതത്തിൽ മഹാരാജാവിന് കണി നഗ്നനായുറങ്ങുന്ന കേശവനായിരുന്നു. ദുശ്ശകുനമായി കണ്ട രാജാവ് ബാലനെ തുറുങ്കിലടച്ചു. അന്നെ ദിവസം തന്നെ ദുർലഭമായ ഭക്ഷ്യസാധനങ്ങളുമായി ഒരു വിദേശ കപ്പൽ ശംഖുംമുഖം തീരത്തെത്തുകയുണ്ടായി. രൂക്ഷമായ ഭക്ഷ്യ ക്ഷാമമുണ്ടായിരുന്ന കാലമായിരുന്നു അതെന്നതിനാൽ, തുടർന്ന് കണിഫലം ശുഭോദാർഹമായി കണ്ട രാജാവ് കേശവനെ മോചിപ്പിക്കുകയും കൊട്ടാരത്തിൽ ജോലി കൊടുക്കുകയും ചെയ്തു. പടിപടിയായി ഉയർച്ച ലഭിച്ച കേശവൻ, രാജാ കേശവദാസെന്ന വലിയ ദിവാൻജിയായി. കുളച്ചൽ മുതൽ കൊച്ചിവരെ നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന ജലപാത പൂവ്വാറിലൂടെയാണ് കടന്നു പോയത്. ഇന്നു നാം കാണുന്ന പൂവ്വാർ-വിഴിഞ്ഞം റോഡിന് തെക്കുവശത്ത് ജലപാതയുണ്ടായിരുന്നവെന്നാണ് ഐതിഹ്യം. അക്കാലത്ത് തെക്കൻ തിരുവിതാംകൂറിലെ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു പൂവ്വാർ. ഇന്ന് നാം കാണുന്ന പൂവ്വാർ സ്ക്കൂളുകൾ, പോലീസ് സ്റ്റേഷൻ, പഞ്ചായത്താഫീസ്, സാമൂഹിക ആരോഗ്യ കേന്ദ്രം ഇവയൊക്കെ സ്ഥിതി ചെയ്യുന്നത് പൂവ്വാറിലെ പീരുമുഹമ്മദ് എന്ന മഹാമനസ്ക്കൻ സംഭാവന ചെയ്ത സ്ഥലത്താണ്. കേരള സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്ത് വന്നിട്ടുളള മാറ്റങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ പൂവ്വാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നിലായിരുന്നു.